ചാരുംമൂട്: നൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ 1.71 ഏക്കർ അധിക ഭൂമി അനുവദിക്കുന്നതിന് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം തീരുമാനമെടുത്തതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
എംപിയുടെ ഇടപെടലിനെത്തുടർന്നാണ് യോഗം ചേർന്നത്. നിലവിൽ ലഭ്യമായ ഭൂമിക്കു പുറമേ ആവശ്യമായ 1.71 ഏക്കർ കൂടി അടിയന്തരമായി അളന്ന് കൈമാറുന്നതിന് ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഇതോടെ നൂറനാട്ട് ഐടിബിപി സ്പോൺസർ ചെയ്യുന്ന കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള പ്രധാന തടസം നീങ്ങിയതായി എംപി പറഞ്ഞു.
ഐടിബിപി സ്പോൺസർ ചെയ്യുന്ന കേന്ദ്രീയവിദ്യാലയത്തിൽ 50 ശതമാനം സീറ്റുകൾ പ്രദേശവാസികളുടെ കുട്ടികൾക്ക് ലഭ്യമാക്കണമെന്ന എംപിയുടെ നിർദേശം ഐടിബിപി അധികൃതർ അംഗീകരിച്ചതും യോഗത്തിലെ സുപ്രധാന നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതുവഴി നൂറനാടും സമീപ പ്രദേശങ്ങളും ഉൾപ്പെടെയുള്ള നൂറുകണക്കിന് വിദ്യാർഥികൾക്ക് നിലവാരമുള്ള കേന്ദ്ര സർക്കാർ വിദ്യാഭ്യാസം സ്വന്തം നാട്ടിൽ തന്നെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി എൽഡിഎഫ് സർക്കാർ അവഗണിക്കുകയും അട്ടിമറിക്കുകയും ചെയ്ത പദ്ധതി, യുഡിഎഫ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതോടെ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണെന്നും ജനങ്ങളുടെ ദീർഘകാല കാത്തിരിപ്പിന് ഇതോടെ വിരാമമാകുകയാണെന്നും എംപി പറഞ്ഞു.
യോഗത്തിൽ ആരോഗ്യവകുപ്പ് പ്ലാനിംഗ് വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ.ബി. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത, അസി. ഡയറക്ടർ ഡോ. സുകേഷ്, ഐടിബിപി ഡെപ്യൂട്ടി കമാൻഡന്റ് ലിയോ മാത്യു കുര്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യാ അജയ്, ഡെപ്യൂട്ടി കളക്ടർ മനോജ്, മാവേലിക്കര തഹസിൽദാർ ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ സനൽകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ലൈജു, ഐടിബിപി ലൈസൺ ഓഫീസർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.